Followers

Monday 7 March 2011

മുസ്ലിംകളല്ലാത്തവരോടും സലാം പറയാമോ?

ചോദ്യം: മുസ്ലിംകള്‍ പരസ്പരം കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്ന സലാമിന്റെ വചനങ്ങള്‍ മുസ്ലിംകളല്ലാത്തവര്‍ക്കും അഭിവാദ്യമായി ഉപയോഗിക്കാമോ?

ഉത്തരം:

മുസ്ലിംകള്‍ അഭിവാദ്യം ചെയ്യാനുപയോഗിക്കുന്ന 'അസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറകാതുഹു (ദൈവത്തിന്റെ സമാധാനവും കാരുണ്യവും അനുഗ്രഹങ്ങളും താങ്കളുടെ മേലുണടാവട്ടെ) എന്ന വാക്യം കൊണട് മുസ്ലിംകളല്ലാത്തവരെയും അഭിവാദ്യം ചെയ്യാവുന്നതാണ്. പ്രസ്തുത വചനം മുസ്ലിംകളല്ലാത്തവരെ അഭിവാദ്യം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണെന്ന് ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ്, അബീ ഉമാമ, ഇബ്നു മസീഹ്, ഉമറുബ്നു അബ്ദില്‍ അസീസ്, സുഫ്യാനുബ്നു ഉയൈയ്ന, ഷഅബീ, ഔസാഈ, ത്വബ്രീ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇമാം റശീദ് രിദാ തഫ്സീറുല്‍ മനാറിലും, ശന്‍ബീതി അദ്വാഉല്‍ ബയാനിലും ഈ അഭിപ്രായത്തെ പിന്തുണക്കുന്നു. താഴെപ്പറയുന്ന തെളിവുകളുടെ വെളിച്ചത്തില്‍ നാം ഈ അഭിപ്രായത്തെ പിന്തുണക്കുന്നു.

"സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം'' (അന്നൂര്‍ 24). "അദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്കുവേണടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ എന്നോട് ദയയുള്ളവനാകുന്നു'' (മര്‍യം 47). എല്ലാവരോടും സലാം പറയണമെന്ന് കല്‍പിക്കുന്ന ഹദീസുകളും ധാരാളമായി ഉദ്ധരിക്കപ്പെട്ടിട്ടുണട്.
"നീ പരിചയക്കാര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയുക'' (ബുഖാരി, മുസ്ലിം).

അല്ലാഹു ആദമിനെ സൃഷ്ടിച്ച് പറഞ്ഞു: "നീ പോയി അവിടെയിരിക്കുന്ന മലക്കുകള്‍ക്ക് സലാം പറയുക. എങ്ങനെയാണവര്‍ നിന്നെ അഭിവാദ്യം ചെയ്യുക എന്ന് ശ്രദ്ധിച്ചു കേള്‍ക്കുക. അതായിരിക്കും നിന്റെയും നിന്റെ സന്തതികളുടെയും അഭിവാദ്യ വചനം. ആദം പറഞ്ഞു: അസ്സലാമു അലൈകും, മലക്കുകള്‍: അസ്സലാമു അലൈകും വറഹ്മതുല്ലാഹ്'' (ബുഖാരി, മുസ്ലിം).
  
"നിങ്ങള്‍ സലാം വ്യാപിപ്പിക്കുക'' (തിര്‍മിദി).

മുസ്ലിംകളല്ലാത്തവര്‍ക്ക് സലാം പറയാന്‍ പാടില്ല എന്നതിന് തെളിവായി ഉദ്ധരിക്കുന്ന "യഹൂദരോടും ക്രൈസ്തവരോടും അങ്ങോട്ട് സലാം പറഞ്ഞു ചെല്ലേണടതില്ല'' എന്ന വചനം ഒരു പൊതു പ്രസ്താവനയല്ല. അതൊരു യുദ്ധ സന്ദര്‍ഭവുമായി ബന്ധപ്പെട്ടതാണ്. പ്രസ്തുത ഹദീസിന്റെ സന്ദര്‍ഭം മറ്റ് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാണ്. "നാം യഹൂദരുമായി പടക്കു പുറപ്പെടുകയാണ്. സലാം പറഞ്ഞുകൊണട് അവരുടെയടുക്കല്‍ ചെല്ലേണടതില്ല'' (അഹ്മദ്, ത്വബ്റാനി). ബനൂ ഖുറൈദ യുദ്ധ ദിവസത്തെ സംഭവമാണിവിടെ സൂചിപ്പിക്കുന്നത്.

അഹ്മദിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, "ഞാന്‍ നാളെ യഹൂദരുടെ അടുക്കലേക്ക് പോവുകയാണ്. നിങ്ങള്‍ സലാം പറഞ്ഞുകൊണട് അവരുടെയടുക്കല്‍ ചെല്ലേണടതില്ല'' എന്നുണട്. ഫത്ഹു റബ്ബാനിയിലും ശരിയായ പരമ്പരയിലൂടെ ഇത് ഉദ്ധരിക്കുന്നുണട്. ബുഖാരിയില്‍നിന്നും നസാഇയില്‍നിന്നും ഈ റിപ്പോര്‍ട്ട് ഇബ്നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ ചേര്‍ത്തിട്ടുണട്: "ഞാന്‍ നാളെ യഹൂദരുടെ അടുക്കലേക്ക് പോവുകയാണ്. നിങ്ങള്‍ സലാം പറഞ്ഞുകൊണട് അവരുടെയടുക്കല്‍ ചെല്ലേണടതില്ല.''

സലാമിന്റെ വചനങ്ങള്‍കൊണടു തന്നെ മുസ്ലിംകളല്ലാത്തവരെ അഭിവാദ്യം ചെയ്യാം എന്ന് മദ്ഹബുകാരും അല്ലാത്തവരുമായ വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണട്. മാത്രമല്ല, അമുസ്ലിംകളുടെ ഇടയില്‍ വസിക്കുന്ന മുസ്ലിമിന്റെ മുഖ്യബാധ്യത ഇസ്ലാമിക പ്രബോധനമാണ്. നല്ല അഭിവാദ്യത്തോടെ അന്യരെ അഭിസംബോധന ചെയ്യുക എന്നത് പ്രബോധകന്റെ സംസ്കാരവുമാണ്.

മുസ്ലിമല്ലാത്ത ഒരാള്‍ മുസ്ലിമിനെ സലാമിന്റെ വചനം കൊണട് അഭിവാദ്യം ചെയ്താല്‍ മടക്കല്‍ നിര്‍ബന്ധമായിത്തീരുന്നു. "നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി അങ്ങോട്ട് അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചു നല്‍കുക'' (അന്നിസാഅ് 86) എന്ന ഖുര്‍ആന്‍ സൂക്തമാണ് തെളിവ്. അഭിവാദ്യത്തെക്കാള്‍ മെച്ചമായി പ്രത്യഭിവാദ്യം ചെയ്യുക എന്നത് ഐഛികവും തുല്യമായ നിലയിലെങ്കിലും മടക്കുക എന്നത് നിര്‍ബന്ധവുമാണ്.

തഫ്സീറുല്‍ ഖുര്‍തുബി, തഫ്സീറുല്‍ മനാര്‍, ഫത്ഹുല്‍ ബാരി, സ്വഹീഹു മുസ്ലിമിന് ഇമാം നവവി എഴുതിയ വ്യാഖ്യാന ഗ്രന്ഥം ഫത്ഹു റബ്ബാനി, ഇബ്നുല്‍ ഖയ്യിമിന്റെ അഹ്കാമു അഹ്ലിദ്ദിമ്മ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇതിനെ സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ കാണാം.

(ഇസ്ലാം ഓണ്‍ലൈന്‍ നെറ്റ്, അറബി)
(ഈ ചോദ്യത്തിന് മറുപടി നല്‍കുന്നത് ഫൈസ്വല്‍ മൌലവി (യൂറോപ്യന്‍ ഫത്വാ കൌണ്‍സില്‍ ഉപാധ്യക്ഷന്‍).
അവലംബം - http://www.islampadanam.com/fatwa/25.htm

No comments:

Post a Comment